വത്തിക്കാൻ സിറ്റി: കൃപയുടെ ഈ നോന്പുകാലത്ത് പ്രാർഥനയോടും കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന് നമുക്ക് ഉദാരമായി പ്രായശ്ചിത്തം ചെയ്യാമെന്നും ടെലിവിഷനുകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ഈ നോന്പുകാലത്ത് നമുക്ക് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാം. നമ്മുടെ ഹൃദയത്തിൽ നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേൾക്കാം.
നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കിവയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാൽ നാം ലാഭിക്കുന്നത് ആവശ്യമുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്കു കഴിയും.
പരീക്ഷണസമയങ്ങളിൽ എല്ലായ്പ്പോഴും മക്കളെ സഹായിക്കുന്ന നമ്മുടെ അമ്മയായ കന്യകമറിയത്തിനു നമ്മുടെ ഈ നോമ്പുകാലയാത്രയെ ഭരമേല്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.